‘ഇന്ത്യൻ ഭരണഘടനയുടെ പിതാവ്’ എന്നറിയപ്പെടുന്ന ഡോ. ബി.ആർ അംബേദ്കറുടെ ജന്മദിനമാണ് ഇന്ന്. രാജ്യമെങ്ങും ഇന്ന് അംബേദ്കർ ജയന്തി ആഘോഷിക്കുകയാണ്. ‘ഭീം ജയന്തി’ എന്ന പേരിൽ കൂടി അറിയപ്പെടുന്ന അംബേദ്കർ ജയന്തി ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ‘സമത്വ ദിനം’ എന്നും അറിയപ്പെടുന്നു.
1891 ഏപ്രിൽ 14 നാണ് അംബേദ്കർ ജനിച്ചത്. ഈ വർഷം ഡോ ബി ആർ അംബേദ്കറുടെ 132-ാം ജന്മവാർഷികമാണ് ആഘോഷിക്കുന്നത്. ഒരു സാമൂഹ്യ പരിഷ്കർത്താവും അഭിഭാഷകനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു ഡോ. ബി.ആർ അംബേദ്കർ. ഇന്ത്യൻ ഭരണഘടനയുടെ കരട് തയ്യാറാക്കുന്നതിലും ദളിതരുടെയും അധഃസ്ഥിതരുടെയും അവകാശങ്ങൾക്ക് വേണ്ടി പോരാടുന്നതിലും അദ്ദേഹം നൽകിയ സംഭാവനകൾ വലുതാണ്. ഈ ദിനത്തിന്റെ ചരിത്രത്തെയും പ്രാധാന്യത്തെയും കുറിച്ച് കൂടുതലായി മനസിലാക്കാം.
അംബേദ്കർ ജയന്തിയുടെ ചരിത്രം
ബാബാ സാഹെബ് അംബേദ്കർ എന്ന ഡോ. ബി.ആർ അംബേദ്കറുടെ സ്മരണക്കായി 1928 ഏപ്രിൽ 14-നാണ് പൂനെയിൽ വെച്ച് ആദ്യമായി അംബേദ്കർ ജയന്തി ആഘോഷിച്ചത്. അംബേദ്കറിന്റെ അനുയായിയും സാമൂഹിക പ്രവർത്തകനുമായ ജനാർദൻ സദാശിവ് രണപിസെയാണ് അന്ന് ഈ ദിനാചരണം നടത്തിയത്. അംബേദ്കർ ജയന്തിക്ക് തുടക്കം കുറിച്ചത് രണപിസെയാണ് എന്നു തന്നെ പറയാം.
Also Read- 125 അടി ഉയരം; 300 കോടി രൂപ ചെലവ്; ആന്ധ്രയിലെ സ്വരാജ് മൈതാനിയിൽ അംബേദ്കർ പ്രതിമയൊരുങ്ങുന്നു
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അംബേദ്കർ ജയന്തി ഒരു പൊതു അവധി ദിവസമാണ്.
1907-ലാണ് അംബേദ്കർ മെട്രിക്കുലേഷൻ പാസായത്. തുടർന്ന് എൽഫിൻസ്റ്റൺ കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും പൊളിറ്റിക്കൽ സയൻസിലും ബിരുദം നേടി. ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ മാസ്റ്റർ ഓഫ് ആർട്‌സ് പഠിച്ച അദ്ദേഹം 1927-ൽ സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്‌ഡിയും കരസ്ഥമാക്കി.
1916ൽ ലണ്ടലിനെ ഗ്രേസ് ഇന്നിൽ ബാർ കോഴ്‌സിൽ പ്രവേശനം നേടി. ഇതോടൊപ്പം ലണ്ടനിലെ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ മറ്റൊരു ഡോക്ടറൽ തീസിസും ചെയ്തു. 64 വിഷയങ്ങളിൽ അറിവുണ്ടായിരുന്ന അംബേദ്കറിന് 11 ഭാഷകളിലും പ്രാവീണ്യം ഉണ്ടായിരുന്നു.
അംബേദ്കർ ജയന്തിയുടെ പ്രാധാന്യം
ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഒരു പ്രധാന വ്യക്തിയാണ് ബി.ആർ അംബേദ്കർ. 1950 ജനുവരി 26ന് അംഗീകരിക്കപ്പെട്ട ഇന്ത്യൻ ഭരണഘടനയുടെ കരട് തയ്യാറാക്കിയ കമ്മിറ്റിയുടെ തലവനായിരുന്നു അദ്ദേഹം. ദളിതർ, ആദിവാസികൾ, തൊഴിലാളികൾ, സ്ത്രീകൾ, ബുദ്ധമതം സ്വീകരിക്കുന്നവർ എന്നിവരെ സംബന്ധിച്ചിടത്തോളം അംബേദ്കർ ജയന്തി ഒരു സുപ്രധാന ദിവസം തന്നെയാണ്. കാരണം അവർക്കെല്ലാം വേണ്ടി അദ്ദേഹം ശബ്ദമുയർത്തിയിരുന്നു.
മുംബൈയിലെ ചൈത്യഭൂമിയിലും നാഗ്പൂരിലെ ദീക്ഷാഭൂമിയിലും ഡോ. ബി.ആർ അംബേദ്കറിന്റെ അനുയായികൾ അംബേദ്കർ ജയന്തി ഘോഷയാത്രകൾ നടത്താറുണ്ട്. ഇതേ ദിവസം രാഷ്ട്രപതിയും പ്രധാനമന്ത്രിയും പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും ഇന്ത്യൻ പാർലമെന്റിനു പുറത്തുള്ള അംബേദ്കറുടെ പ്രതിമയിൽ പുഷ്പാർച്ചനയും നടത്താറുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.