കോട്ടയം: ഈരാറ്റുപേട്ടയെ മോശമായി ചിത്രീകരിക്കാൻ ചിലർ രാഷ്ട്രീയ ലക്ഷ്യത്തോടെ ശ്രമിക്കുന്നുവെന്നും ചില മാധ്യമങ്ങൾ ഇതിന് കൂട്ടുനിൽക്കുന്നുവെന്നും പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ. ഒരുദിവസം നടന്ന ഒരു ചെറിയ സംഭവത്തെ പർവതീകരിച്ചുകൊണ്ട് ഒരു നാടിനെയാകെ വേറൊരു രൂപത്തിൽ ബ്രാൻഡ് ചെയ്യാനുള്ള ശ്രമം ചിലരുടെ ഗൂഢാലോചനയുടെ ഫലമാണെന്ന് പറഞ്ഞ അദ്ദേഹം, മുൻ ജനപ്രതിനിധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഗൂഢാലോചനയും ഇതിനു പിന്നിലുണ്ടെന്ന് ആരോപിച്ചു.
Also Read- ഗാനമേളയിലെ പാട്ടും സദസിലെ ഭീഷണിയും ഗായികയുടെ മറുപടിയും; ഈരാറ്റുപേട്ട നഗരോത്സവത്തിലെ വിവാദം
ഈരാറ്റുപേട്ട നഗരോത്സവവുമായി ബന്ധപ്പെട്ട ഗാനമേള വിവാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
”ഈരാറ്റുപേട്ട മതസാഹോദര്യത്തിന്റെ നാടാണ്. നൂറ്റാണ്ടുകളായി ഹൈന്ദവ ക്രൈസ്തവ ഇസ്ലാം മതവിഭാഗത്തിൽപെട്ടവർ സാഹോദര്യത്തോടെ ജീവിക്കുന്ന പ്രദേശമാണ്. ചിലയാളുകൾ ബോധപൂർവം സ്വാർത്ഥ താൽപര്യത്തിനും രാഷ്ട്രീയ നേട്ടത്തിനുമായി ഉണ്ടാക്കികൊണ്ടുവരുന്ന വർഗീയ വിഭജനത്തിന് ആക്കം കൂട്ടാൻ ഇതിനെ ഉപയോഗിക്കുകയാണ്. അറിഞ്ഞോ അറിയാതെയോ ചിലർ , ചില മാധ്യമങ്ങളും ഇതിന് കൂട്ടുനിൽക്കുന്നു.
തെറ്റായ പ്രചാരവേലയാണ് നടക്കുന്നത്. താലിബാനുമായി ഉപമിച്ച് നടത്തുന്ന പ്രചാരവേല അപലപനീയമാണ്. വർഗീയ വാദികളുടെ നാട് എന്ന് ബ്രാൻഡ് ചെയ്യാനുള്ള ശ്രമത്തിൽ ആരും വീണുപോകരുത്. മുൻ ജനപ്രതിനിധി അടക്കമുള്ളവർ വിതച്ച വിഭജനത്തിന്റെ വിത്ത് പിഴുതെറിയാൻ പ്രതിജ്ഞാബദ്ധമാണ്”
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.