മുംബൈ: 32 ആഴ്ച്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ യുവതിക്ക് ബോംബെ ഹൈക്കോടതിയുടെ അനുമതി. ഗർഭസ്ഥശിശുവിന് നിരവധി പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഗർഭഛിദ്രത്തിന് അനുമതി നൽകിയത്. ഗർഭം തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീക്കുണ്ടെന്നും തീരുമാനം എടുക്കേണ്ടത് സ്ത്രീ മാത്രമാണെന്നും അനുമതി നൽകിക്കൊണ്ട് കോടതി വ്യക്തമാക്കി.
ജനുവരി 20 ലെ വിധിന്യായത്തിൽ ഗുരുതരമായ അസ്വാഭാവികതകൾ ഉണ്ടെങ്കിലും, ഗർഭധാരണം പുരോഗമിച്ച ഘട്ടത്തിലായതിനാൽ ഗർഭഛിദ്രം നടത്താനാകില്ലെന്ന മെഡിക്കൽ ബോർഡിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ ഗൗതം പട്ടേലും എസ് ജി ഡിഗെയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഗർഭസ്ഥ ശിശുവിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ശാരീരികവും മാനസികവുമായ വൈകല്യങ്ങളോടെയാണ് കുഞ്ഞ് ജനിക്കുന്നതെന്നും സോണോഗ്രാഫി പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് വിവാഹിതയായ യുവതി ഗർഭഛിദ്രത്തിന് അനുമതി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
ഗർഭസ്ഥശിശുവിന്റെ വളർച്ചയുടെ പേരിൽ മാത്രം ഗർഭം അലസിപ്പിക്കാൻ വിസമ്മതിക്കുന്നത് കുഞ്ഞിനെ അനാരോഗ്യകരമായ ജീവിതത്തിലേക്ക് തള്ളിവിടുക മാത്രമല്ല, മാതൃത്വത്തിന്റെ നല്ല വശങ്ങളെ കവർന്നെടുക്കുകയും ഭാവിയിൽ അമ്മയ്ക്ക് പശ്ചാത്താപമുണ്ടാക്കാനും കാരണമാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.