കോട്ടയം: പ്രവാസി മലയാളിയിൽനിന്ന് 20000 രൂപയും മദ്യ കുപ്പിയും കൈക്കൂലി വാങ്ങിയ പഞ്ചായത്ത് അസിസ്റ്റന്‍റ് എഞ്ചിനിയറെ വിജിലൻസ് പിടികൂടി. മാഞ്ഞൂർ പഞ്ചായത്ത് അസിസ്റ്റൻഡ് എൻജിനീയർ അജിത് കുമാർ ഇ ടിയെയാണ് വിജിലൻസ് തന്ത്രപൂർവം പിടികൂടിയത്. ഒരു പ്രൊജക്ടിന് സർട്ടിഫിക്കറ്റ് നൽകുന്നതിനാണ് 20000 രൂപയും ഒരു കുപ്പി സ്കോച്ചും ഇയാൾ കൈക്കൂലിയായി വാങ്ങിയത്.
14 കോടി രൂപ മുതൽ മുടക്കുള്ള ഒരു പ്രോജക്ടിന്റെ അനുമതിക്കായി 2020 മുതൽ പരാതിക്കാരനായ വിദേശ മലയാളി മാഞ്ഞൂർ പഞ്ചായത്ത് ഓഫീസിൽ കയറിയിറങ്ങുകയായിരുന്നു. പല തവണ പഞ്ചായത്ത് പ്രസിഡന്‍റിനെയും സെക്രട്ടറിയെയുമെല്ലാം കണ്ടെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ഇക്കഴിഞ്ഞ 23ന് അസിസ്റ്റന്‍റ് എഞ്ചിനിയറായ അജിത് കുമാർ എന്ന ഉദ്യോഗസ്ഥനെ നേരിൽ കണ്ടു വിവരം പറഞ്ഞു. എന്നാൽ തനിക്ക് ഒന്നും അറിയില്ലെന്ന് അജിത് പറഞ്ഞതോടെ 5000 രൂപ കൈക്കൂലിയായി നൽകി.
Also Read- കരിപ്പൂരിൽ വൻ സ്വർണവേട്ട; അഞ്ചു പേരിൽ നിന്നായി കസ്റ്റംസ് പിടിച്ചത് മൂന്നു കോടിയിലേറെ രൂപയുടെ സ്വർണം
പണം എണ്ണി നോക്കിയ അജിത്ത് കുമാർ, ഇത് മതിയാകില്ലെന്നും 20000 രൂപയും ഒരു കുപ്പി സ്കോച്ചും വേണമെന്ന് ആവശ്യപ്പെട്ടു. ഈ വിവരം പ്രവാസി മലയാളി വിജിലൻസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് എസ്.പി വി.ജി വിനോദ് കുമാറിന്‍റെ നിർദേശാനുസരണം ഫിനോഫ്ത്തലിൽ പുരട്ടിയ നോട്ടുകൾ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് അജിത് കുമാറിന്‍റെ ഓഫീസിലെത്തി കൈമാറുകയായിരുന്നു. ഈ സമയം ഓഫീസിന് പുറത്ത് കാത്തുനിന്ന് വിജിലൻസ് സംഘം ഉടൻ അകത്തേക്ക് കുതിച്ചെത്തി അജിത്ത് കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.