കൊച്ചി: റദ്ദാക്കിയ ടിക്കറ്റുമായി നെടുമ്പാശേരി വിമാനത്താവളത്തിൽ കടന്നയാൾ അറസ്റ്റിലായി. കോട്ടയം ഏറ്റുമാനൂർ സ്വദേശി ഫാബിനാണ് അറസ്റ്റിലായത്. ഇയാളും ഭാര്യയും രണ്ട് കുട്ടികളും ഇന്നത്തെ ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ കൊളംബോ വഴി മെൽബണിലേക്ക് പോകാനായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ രണ്ടു ദിവസം മുമ്പ് ഫാബിൻ ആയാളുടെ ടിക്കറ്റ് മാത്രമായി റദ്ദാക്കി. ഈ വിവരം മറച്ചുവച്ച് ഫാബിൻ ഭാര്യക്കും മക്കൾക്കുമൊപ്പം വിമാനത്താവളത്തിനുള്ളിൽ കടക്കുകയായിരുന്നു.
കൗണ്ടറിൽ ടിക്കറ്റ് ക്ലിയർ ചെയ്യാതെ മാറി നിൽക്കുന്നതു കണ്ട് സംശയം തോന്നി എയർലൈൻസ് അധികൃതർ സി.ഐ.എസ്.എഫിന് വിവരം നൽകുകയായിരുന്നു. ഇതേത്തുടർന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഫാബിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഭാര്യയെയും മക്കളെയും സഹായിക്കാനാണ് താൻ അകത്തുകയറിയതെന്നായിരുന്നു ഇയാളുടെ വിശദീകരണം. ഈ ഉദ്ദേശത്തോടെയാണ് താൻ ടിക്കറ്റെടുത്തശേഷം റദ്ദാക്കിയതെന്നും ഇയാൾ സിഐഎസ്എഫിനോട് സമ്മതിച്ചു.
തുടർന്ന് ഫാബിനെ സിഐഎസ്എഫ് നെടുമ്പാശേരി പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. ടിക്കറ്റുകൾ റദ്ദാക്കിയാൽ അത് എയർലൈൻസിന്റെ കമ്പ്യൂട്ടറിൽ പരിശോധിച്ചാലേ വെളിപ്പെടുകയുള്ളൂ. ഈ പഴുതുപയോഗിച്ചാണ് റദ്ദാക്കിയ ടിക്കറ്റുപയോഗിച്ച് ഫാബിൻ വിമാനത്താവളത്തിൽ കടന്നതെന്ന് പൊലീസ് പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.