രചന..തിരക്കഥ..സംഭാഷണ എസ്.എന്‍ സ്വാമി സ്ക്രീനില്‍ ഈ പേര് തെളിഞ്ഞുവരുമ്പോള്‍ പലതവണ ആര്‍ത്തുവിളിച്ചവരാണ് മലയാളികള്‍. സേതുരാമയ്യരെയും സാഗര്‍ ഏലിയാസ് ജാക്കിയെയും മലയാളിക്ക് സമ്മാനിച്ച എസ്.എന്‍ സ്വാമി മറ്റൊരു റോളില്‍ അവതരിക്കാന്‍ ഒരുങ്ങുകയാണ്. തിരക്കഥാകൃത്തായി 43 വർഷത്തിനു ശേഷം തന്‍റെ 72-ാം വയസില്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് അദ്ദേഹം.
മലയാളത്തിൽ ഏറ്റവും കൂടിയ പ്രായത്തിൽ സംവിധായകനായി അര ങ്ങേറ്റം കുറിക്കുന്നയാളാകുകയാണ് സ്വാമി. ഒരുപക്ഷേ ലോക സിനിമയിൽപ്പോലും ആദ്യമായേക്കാമെന്നാണ് സഹപ്രവർത്തരുടെ വാദം. ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന നിരവധി സിനിമകള്‍ സമ്മാനിച്ച എസ്.എന്‍ സ്വാമി പക്ഷെ ആദ്യമായി സംവിധാനം ചെയ്യുന്നത് ഒരു പ്രണയചിത്രമാണ്. തമിഴ് ബ്രാഹ്മണ പശ്ചാത്തലത്തിലൊരുങ്ങുന്ന പ്രണയകഥയില്‍ ധ്യാൻ ശ്രീനിവാസനാണ് നായകൻ. ഇനിയും പേരിടാത്ത ചിത്രത്തിന്റെ പൂജ വിഷുദിനത്തിൽ കൊച്ചിയിൽ നടക്കുമെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
എറണാകുളത്തപ്പന്‍ ക്ഷേത്ര മുറ്റത്ത് തുടങ്ങിയ സൗഹൃദ കൂട്ടായ്മയാണ് എസ്.എൻ. സ്വാമിയെ സംവിധായക കുപ്പായത്തിലെത്തിക്കുന്നത്. സ്വാമി തന്നെ രചന നിര്‍വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ക്ഷേത്രക്ഷേമ സമിതി പ്രസിഡന്‍റായ പി.രാജേന്ദ്രപ്രസാദാണ്. സമിതിയുടെ ജനറല്‍ കണ്‍വീനറാണ് എസ്.എന്‍ സ്വാമി.
തിരുച്ചെന്തിരൂർ പോലുള്ള തമിഴ് ഗ്രാമങ്ങളിൽ ലൊക്കേഷൻ തിരച്ചിലിന്റെ തിരക്കിലായ സ്വാമി ചിത്രത്തെക്കുറിച്ച് ഒന്നും പറയില്ലെന്ന നിർബന്ധത്തിലാണ്. “ഒരുപാടു പേർ അന്വേഷിക്കുന്നുണ്ട്. എല്ലാം വിശദമായി ലോഞ്ചിങ് ചടങ്ങിൽ പറയാം” എന്നാണ് സ്വാമിയുടെ പ്രതികരണം. മകൻ ശിവറാമും സഹ സംവിധായകനായി ഒപ്പമുണ്ട്. ഷാജി കൈലാസ്, കെ. മധു, എ.കെ.സാജന്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായാണ് ശിവറാം അച്ഛന്‍റെ ആദ്യ സംവിധാന സംരഭത്തിനൊപ്പം കൂടുന്നത്.
1980ല്‍ ‘ചക്കരയുമ്മ’ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി മലയാള സിനിമയിലെത്തിയ എസ്എന്‍ സ്വാമി ത്രില്ലര്‍ സിനിമകളിലൂടെ ശ്രദ്ധേയനായി. മമ്മൂട്ടിക്കൊപ്പം സിബിഐ ഡയറി കുറിപ്പും മോഹന്‍ലാലിനൊപ്പം ഇരുപതാം നൂറ്റാണ്ടും ഒരുക്കിയ അദ്ദേഹം 50ഓളം സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്. സ്വാമിയുടെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായ ‘ധ്രുവം’ ഒരുക്കിയ എ.കെ സാജന്‍റെ ‘പുതിയ നിയമ’ത്തിലൂടെ അഭിനേതാവായും എസ്എന്‍ സ്വാമി അരങ്ങേറ്റം കുറിച്ചു. സിബിഐ സീരിസിലെ അഞ്ചാം ഭാഗമായ സിബിഐ 5 ദി ബ്രെയിന്‍ എന്ന സിനിമയാണ് സ്വാമിയുടെ തിരക്കഥയില്‍ അവസാനമായി പുറത്തിറങ്ങിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.