(Shutterstock)
ബെംഗളുരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മൂന്നാം സ്ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്തിറക്കി. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് സിറ്റിങ് സീറ്റായ കോലാറിൽ സീറ്റ് നൽകിയിട്ടില്ല. പാർട്ടി വിട്ട് വെള്ളിയാഴ്ച കോൺഗ്രസിൽ ചേർന്ന മുൻ ബിജെപി നേതാവ് ലക്ഷ്മൺ സവാദിക്ക് അതാനിയിൽ സീറ്റ് നൽകുകയും ചെയ്തിട്ടുണ്ട്. 43 സ്ഥാനാർഥികളെയാണ് മൂന്നാം പട്ടികയിൽ പ്രഖ്യാപിച്ചത്.
സിദ്ധരാമയ്യയ്ക്ക് പകരം കോത്തൂർ ജി മഞ്ജുനാഥിനാണ് കോലാർ സീറ്റ് നൽകിയിരിക്കുന്നത്. മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിന്റെ മണ്ഡലത്തിൽ കോൺഗ്രസ് ഇത് വരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്ന സവിശേഷതയുമുണ്ട്. ബിജെപിയുമായി ഇടഞ്ഞുനിൽക്കുന്ന ഷെട്ടാറിനെ കോൺഗ്രസിൽ എത്തിക്കുന്നതിനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്.
ഹുബ്ലി-ധാർവാഡ് സെൻട്രൽ മണ്ഡലത്തിലേക്ക് ടിക്കറ്റ് നിഷേധിച്ചാൽ അത് 20 മുതൽ 25 വരെ സീറ്റുകളെ ബാധിക്കുമെന്ന് ജഗദീഷ് ഷെട്ടാർ പ്രഖ്യാപിച്ചത് പാർട്ടി നേതൃത്വം ഗൌരവത്തോടെയാണ് കാണുന്നത്.
അതേസമയം ഭൂരിപക്ഷം ലഭിച്ചാൽ ആര് മുഖ്യമന്ത്രിയാകുമെന്ന തർക്കമാണ് കോൺഗ്രസിനുള്ളിൽ ഉള്ളത്. സിദ്ധരാമയ്യയും ഡി കെ ശിവകുമാറും മുഖ്യമന്ത്രി കസേര ലക്ഷ്യമിടുന്നുണ്ട്. കോലാറിൽ സിദ്ധരാമയ്യയ്ക്ക് സീറ്റ് നൽകാത്തത് കോൺഗ്രസിലെ ആഭ്യന്തരകലഹം രൂക്ഷമാക്കിയേക്കാമെന്നാണ് സൂചന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.