അഗർത്തല: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയിൽ ചേർന്ന് സിപിഎം എംഎൽഎയും കോൺഗ്രസ് നേതാവും. സിപിഎം എംഎൽഎ ആയ മൊബോഷർ അലിയും കോൺഗ്രസ് നേതാവു ബില്ലാൽ മിയയുമാണ് ബിജെപിയിലേക്ക് ചേക്കേറിയത്. ഇവരെ കൂടാതെ കൂടുതൽ പേർ ബിജെപിയിലേക്കെത്തുമെന്നും റിപ്പോർട്ടുണ്ട്.
2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കൈലാസഹർ മണ്ഡലത്തിൽ നിന്ന് ജയിച്ച സിപിഎം നേതാവാണ് മൊബോഷർ അലി. 1988ലും 1998ലും ബോക്സാനഗർ മണ്ഡലത്തില്‍ നിന്ന് വിജയിച്ച കോൺഗ്രസ് നേതാവാണ് ബില്ലാൽ മിയ. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഇരുവര്‍ക്കും ബിജെപി സീറ്റ് നൽകുമെന്ന് ബിജെപി നേതാവ് വാർത്ത ഏജൻസിയായ ഐഎഎൻഎസിനോട് പ്രതികരിച്ചു.
ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി 47 സീറ്റിലും കോണ്‍ഗ്രസ് 13 സീറ്റിലും മത്സരിക്കാനും ധാരണയിലെത്തിയിരുന്നു. ഇടതുമുന്നണിയില്‍ സിപിഎം 43 സീറ്റില്‍ മത്സരിക്കുമ്പോള്‍ സിപിഐയും ആര്‍എസ്പിയും ഫോര്‍വേര്‍ഡ് ബ്ലോക്കും ഓരോ സീറ്റുകളിലാണ് മത്സരിക്കുന്നത്. ഒരു സീറ്റിൽ സ്വതന്ത്രനും ജനവിധി തേടും.
മുൻ മുഖ്യമന്ത്രി മണിക് സര്‍ക്കാരിനെ കൂടാതെ മുൻ ധനമന്ത്രി ഭാനു ലാൽ സാഹ, സഹിദ് ചൗധരി, ബാദൽ ചൗധരി, ജഷ്ബീർ ത്രിപുര, തപൻ ചക്രവർത്തി മബസർ അലി തുടങ്ങിയ മുതിർന്ന നേതാക്കളൊന്നും ഇത്തവണ മത്സരിക്കുന്നില്ല. സിപിഎം സംസ്ഥാന സെക്രട്ടറി സബ്രൂം മണ്ഡലത്തിൽ നിന്ന് മത്സരിക്കും. മുൻ മുഖ്യമന്ത്രി മണിക് സർക്കാരിന്റെ മണ്ഡലമായ ധൻപൂരിൽ ഇത്തവണ കൗഷിക് ചന്ദയാണ് മത്സരിക്കുന്നത്.
ബിജെപിയെ തോല്‍പ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പരസ്പരം കൈകോര്‍ക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും തയാറാവുകയായിരുന്നു. ഇതിനിടെയാണ് സഖ്യത്തിലെ കൊഴിഞ്ഞുപോക്ക്. ഫെബ്രുവരി 16നാണ് തെരഞ്ഞെടുപ്പ്. 60 അംഗ നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം മാര്‍ച്ച് രണ്ടിനാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.