ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസി ഡൽഹിയിലെത്തി. ഇന്ത്യാ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ദ്രൗപതി മുർമു, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇതാദ്യമായാണ് ഒരു ഈജിപ്ഷ്യൻ പ്രസിഡന്റ് ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി എത്തുന്നത്.
2022 ഒക്ടോബറിൽ ഈജിപ്ത് സന്ദർശന വേളയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔപചാരിക ക്ഷണക്കത്ത് ഈജിപ്ഷ്യൻ പ്രസിഡന്റിന് കൈമാറിയത്. 2023ൽ ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിലേക്ക് ക്ഷണിക്കപ്പെട്ട ഒമ്പൻപത് രാജ്യങ്ങളിൽ ഒന്നാണ് ഈജിപ്ത്. ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 75-ാം വാർഷം കൂടിയാണിത്.
റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായ അബ്ദുൽ-ഫത്താഹ് അൽ-സിസിയെക്കുറിച്ച് അഞ്ച് കാര്യങ്ങൾ
- 2014 മുതൽ ഈജിപ്തിന്റെ പ്രസിഡന്റാണ് 68 കാരനായ അബ്ദുൽ-ഫത്താഹ് അൽ-സിസി.
- 2014 വരെ ഈജിപ്ഷ്യൻ സൈന്യത്തിൽ കമാൻഡർ-ഇൻ-ചീഫായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.
- സൈന്യത്തിൽ നിന്ന് വിരമിക്കുന്നതിന് മുമ്പ്, 2013 മുതൽ 2014 വരെ ഈജിപ്തിന്റെ ഉപപ്രധാനമന്ത്രിയായും 2012 മുതൽ 2013 വരെ പ്രതിരോധ മന്ത്രിയായും 2010 മുതൽ 2012 വരെ മിലിട്ടറി ഇന്റലിജൻസ് ഡയറക്ടറായും അബ്ദുൽ-ഫത്താഹ് അൽ-സിസി സേവനമനുഷ്ഠിച്ചു.
- 2013ൽ നടന്ന സൈനിക അട്ടിമറിയിലൂടെ, രാജ്യത്ത് ജനാധിപത്യരീതിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റായ മുഹമ്മദ് മുർസിയെ സിസി താഴെയിറക്കി. തുടർന്ന് 2014 ൽ അദ്ദേഹം ഈജിപ്ഷ്യൻ പ്രസിഡന്റായി.
- 1954-ൽ ജനിച്ച അബ്ദുൽ-ഫത്താഹ് അൽ-സിസി, 1977-ൽ ഈജിപ്തിലെ സൈനിക അക്കാദമിയിൽ നിന്ന് ബിരുദം നേടി. 1992-ൽ യുകെയിലെ ജോയിന്റ് സർവീസസ് കമാൻഡ് ആൻഡ് സ്റ്റാഫ് കോളേജിലാണ് തുടർപഠനം നടത്തിയത്.
പല ഘടകങ്ങളും പരിഗണിച്ചതിനു ശേഷമാണ് റിപ്പബ്ലിക് ദിനത്തിൽ പങ്കെടുക്കാനുള്ള മുഖ്യാതിഥിയെ ഇന്ത്യ തിരഞ്ഞെടുക്കുന്നത്. ഇതിൽ അതിഥിയുടെ രാജ്യവും ഇന്ത്യയും തമ്മിലുള്ള ബന്ധമായിരിക്കും ആദ്യം ശ്രദ്ധിക്കുക. അതിഥിയെ ക്ഷണിക്കുന്നതിന് മുന്നോടിയായി ഇന്ത്യയും ആ രാജ്യവും തമ്മിലുള്ള മുൻകാല ബന്ധം എങ്ങനെയായിരുന്നു എന്നതും പരിഗണിക്കും. കൂടാതെ ഇന്ത്യയുടെ സാമ്പത്തികവും രാഷ്ട്രീയവും വാണിജ്യപരവുമായ ബന്ധങ്ങൾ, പ്രാദേശിക ഗ്രൂപ്പുകളിലെ പ്രാമുഖ്യം, സൈനിക സഹകരണം, ചേരിചേരാ പ്രസ്ഥാനം പോലുള്ള അസോസിയേഷനുകൾ വഴിയുള്ള ദീർഘകാല ബന്ധങ്ങൾ എന്നീ കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കും. റിപ്പബ്ലിക് ദിനത്തിന് ഏകദേശം ആറ് മാസം മുമ്പായിരിക്കും അതിഥിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുന്നത്. തുടർന്ന് വിദേശകാര്യ മന്ത്രാലയം പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും അംഗീകാരം തേടും. ഈ അനുമതി ലഭിച്ചശേഷം തുടർനടപടികൾ ആരംഭിക്കും. ശേഷം ബന്ധപ്പെട്ട രാജ്യത്തെ ഇന്ത്യൻ അംബാസഡർമാർ റിപ്പബ്ലിക് ദിനത്തിൽ ആ രാജ്യത്തിന്റെ പ്രതിനിധികൾക്ക് എത്താൻ കഴിയുമോ ഇല്ലയോ എന്ന കാര്യം ഉറപ്പാക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.